ജന്തർ മന്തറും കടന്ന് ഇഴയുന്ന പാറ്റകൾ: ജെൻസിക്കാലത്തെ സമരം,പ്രതിരോധം,പ്രതിഷേധം

ജന്തർ മന്തറും  കടന്ന് ഇഴയുന്ന പാറ്റകൾ: ജെൻസിക്കാലത്തെ സമരം,പ്രതിരോധം,പ്രതിഷേധം

തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് കെട്ടിയുയർത്തിയ താൽക്കാലിക വേദിയിൽ നിന്ന്, സി.ജെ.പി.യുടെ 30 കാരനായ സ്ഥാപകൻ അഭിജിത് ദിപ്കെ, ടൈഫോയ്ഡ് ബാധിച്ച് പൂർണ്ണമായും തളർന്ന അവസ്ഥയിലും, അലറിവിളിക്കുന്ന വിദ്യാർത്ഥി സമൂഹത്തെ നോക്കി പ്രഖ്യാപിച്ചു: "ഝുക്തീ ഹേ ദുനിയാ, ഝുകാനേ വാലാ ചാഹിയേ" (ഈ ലോകം തലകുനിക്കും, അതിന് ഇച്ഛാശക്തിയുള്ളവർ വേണം). തൊട്ടുപിന്നാലെ, ദശലക്ഷക്കണക്കിന് വരുന്ന തന്റെ ഡിജിറ്റൽ അനുയായികൾക്കായി അദ്ദേഹം തികച്ചും ലളിതമായ ഒരു സോഷ്യൽ മീഡിയ പോസ്റ്റുമിട്ടു: "ഞാൻ കുറച്ചുനേരം ഉറങ്ങാൻ പോകുന്നു. നമുക്ക് ഉടനെ വീണ്ടും കാണാം''.

ഒരു മുതിർന്ന കാബിനറ്റ് മന്ത്രിയുടെ രാജി ഈ അസാധാരണ കൂട്ടായ്മയ്ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെങ്കിലും, ന്യൂഡൽഹിയിലെ പ്രതിഷേധങ്ങളുടെ പൊടിപടലങ്ങൾ അടങ്ങുമ്പോൾ, രാഷ്ട്രീയ നിരീക്ഷകർക്ക് മുന്നിൽ ഒരു സുപ്രധാന ചോദ്യം അവശേഷിക്കുന്നുണ്ട് 'പൂർണ്ണമായും വികേന്ദ്രീകൃതവും, ആക്ഷേപഹാസ്യത്തിൽ ഊന്നിയതുമായ ഒരു 'അരാഷ്ട്രീയ' ജനരോഷത്തിന് സ്ഥിരതയുള്ള ഒരു രാഷ്ട്രീയ ശക്തിയായി മാറാൻ കഴിയുമോ? അതോ ഇത് താൽക്കാലികമായി മാത്രം ജ്വലിച്ചു തീരുന്ന ഒരു ജനാധിപത്യ പ്രതിഭാസമാണോ?


ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അടിത്തറയിളക്കിയ 'തെരുവ് യുദ്ധത്തിന്റെ' ഒരു വാരമാണ് കഴിഞ്ഞ മാസത്തോടെ കഴിഞ്ഞ്  പോയത്. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ജന്തർ മന്തറിൽ 

ആഴ്ചകളോളം നീണ്ടുനിന്ന അത്യത്ഭുതപൂർവ്വമായ ജനകീയ ഉപരോധത്തിന് മുന്നിൽ ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവെച്ച് പോവേണ്ടി വന്നുവെന്നതാണ് ആ സമരത്തിന്റെ പ്രതിഫലനവും . പൊതുപ്രതിഷേധങ്ങൾക്ക് മുന്നിൽ അത്രയെളുപ്പമൊന്നും വഴങ്ങാത്ത ഒരു ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം, ഈ തീരുമാനം ചരിത്രപരമായ ഒരു തോൽവിക്ക് സമാനം തന്നെയാണ്. എന്നാൽ പരമ്പരാഗത പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രീയ സംവിധാനങ്ങളല്ല, മറിച്ച് 'കോക്രോച്ച് ജനതാ പാർട്ടി'(CJP) എന്നറിയപ്പെടുന്ന, ഒരു കേന്ദ്രീകൃത നേതൃത്വവുമില്ലാത്ത, തീവ്ര ഭരണവിരുദ്ധ യുവജന കൂട്ടായ്മയാണ് ഈ വിജയം നേടിയെടുത്തതെന്ന വസ്തുതയാണ് ഈ സമരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും വിജയാടിത്തറയും. 


ഡിജിറ്റൽ യുഗത്തിലെ ജനകീയ[ജെൻസി] പ്രതിരോധം


സി.ജെ.പി.യുടെ വളർച്ചയെ മനസ്സിലാക്കണമെങ്കിൽ, ഇന്റർനെറ്റ് സംസ്കാരം എങ്ങനെയാണ് ജനാധിപത്യപരമായ ഉത്തരവാദിത്തം ഉറപ്പാക്കാനുള്ള ഒരു ശക്തമായ ആയുധമായി മാറിയതെന്ന് പരിശോധിക്കേണ്ടതുണ്ട്. വിദ്യാർത്ഥി പ്രസ്ഥാനങ്ങളെയും തൊഴിലില്ലാത്ത യുവാക്കളെയും ഒരു മുതിർന്ന ജഡ്ജി "കീടങ്ങൾ" (പാറ്റകൾ) എന്ന് അധിക്ഷേപിച്ചതിനെതിരെയുള്ള ഒരു ആക്ഷേപഹാസ്യ പ്രതികരണമായാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. ആ അധിക്ഷേപത്തെത്തന്നെ തങ്ങളുടെ പേരായി സ്വീകരിച്ചുകൊണ്ട് സി.ജെ.പി. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ശക്തമായ പ്രചാരണം നടത്തി. ആഴ്ചകൾക്കുള്ളിൽ ഈ കൂട്ടായ്മയുടെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സ് 20 ദശലക്ഷം കടന്നു. ഭരണകക്ഷിയുടെയും പ്രധാന പ്രതിപക്ഷത്തിന്റെയും ഡിജിറ്റൽ സ്വാധീനത്തെപ്പോലും ഇത് മറികടന്നു. എന്നാൽ, സി.ജെ.പി.യെ വെറുമൊരു ഇന്റർനെറ്റ് ട്രെൻഡ് മാത്രമായി കാണുന്നത് ഇന്ത്യൻ യുവാക്കളുടെ ആഴത്തിലുള്ള ആശങ്കകളെ വിലകുറച്ചു കാണുന്നതിന് തുല്യമാകും. അങ്ങനെ കണ്ടതാണ് ഭരണപക്ഷത്തിന് പറ്റിയ ഏറ്റവും വലിയ അമളിയും. 2026-ലെ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയും, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും സൃഷ്ടിച്ച കടുത്ത നിരാശയാണ് ഈ പ്രസ്ഥാനത്തിന് പിന്നിലെ യഥാർത്ഥ ഇന്ധനമെന്നത് ഭരണപക്ഷം സൗകര്യപൂർവം മറക്കുകയോ മറന്നതായി നടിക്കുകയോ ചെയ്തു. സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിന്റെ 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരവുമായി ഈ ഡിജിറ്റൽ രോഷം തെരുവിൽ കൈകോർത്തപ്പോൾ, അതൊരു ശക്തമായ ജനകീയ ഉപരോധമായി മാറി. അതോടൊപ്പം 

ഒരു ‘അരാഷ്ട്രീയ’ ബാനറിന് കീഴിൽ അണിനിരന്നതുകൊണ്ട് തന്നെ, ഭരണകൂടത്തിന്റെ പതിവ് പ്രതിരോധ തന്ത്രങ്ങളെ പ്രതിരോധിക്കാൻ സി.ജെ.പിക്ക് കഴിഞ്ഞു. ഇതൊരു രാഷ്ട്രീയ ഗൂഢാലോചനയാണെന്നോ വിദേശ ശക്തികളുടെ ഇടപെടലാണെന്നോ പറഞ്ഞ് തള്ളിക്കളയാൻ സർക്കാരിന് എളുപ്പമായിരുന്നില്ല. ഇത് നയപരമായ പരാജയങ്ങൾക്കെതിരെ വിദ്യാസമ്പന്നരായ മധ്യവർഗ യുവാക്കൾ നടത്തിയ നേരിട്ടുള്ള ഒരു ജനകീയ മുന്നേറ്റമായിരുന്നുവെന്ന് ഭരണകൂടം തിരിച്ചറിഞ്ഞപ്പോഴേക്കും സമരവുമായി വിദ്യാർഥി പക്ഷങ്ങളെല്ലാം തന്നെ പക്ഷഭേദമില്ലാതെ സമരസപ്പെട്ടും കഴിഞ്ഞിരുന്നു.


ഇന്ത്യൻ ജനാധിപത്യത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് ഈ സമരപരമ്പരകൾ 

2011–2012 കാലഘട്ടത്തിലെ 'ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ' (IAC) പ്രസ്ഥാനത്തെ ഓർമ്മിപ്പിക്കുന്ന സംഭവവികാസങ്ങളാണ്. സി.ജെ.പി. സ്ഥാപകൻ ദിപ്കെ മുൻപ് ആം ആദ്മി പാർട്ടിയുടെ (AAP) കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റായി പ്രവർത്തിച്ചിട്ടുള്ള ആളാണെന്നത് കൂടി ചേർത്തുവായിച്ചാൽ ഈ സാമ്യത യാദൃശ്ചികമല്ലെന്നും വ്യക്തമാവും.  പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് പുറത്ത് എങ്ങനെ ഒരു ജനകീയ തരംഗം സൃഷ്ടിക്കാമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അതുകൊണ്ട് തന്നെ 

അന്ന് ഐ.എ.സി. ചെയ്തതുപോലെ, വ്യത്യസ്ത രാഷ്ട്രീയ ആഭിമുഖ്യമുള്ള ജനങ്ങളെ ഒരൊറ്റ ലക്ഷ്യത്തിനായി ഒന്നിപ്പിക്കാൻ സി.ജെ.പിക്കും കഴിഞ്ഞു. അങ്ങനെയാണ് എല്ലാം കൊണ്ടും വ്യത്യസ്തരായവരെ ഒന്ന് കൊണ്ടും തമ്മിലടിക്കാതെ 'ജെൻസി പ്ലാറ്റഫോമിന്' കീഴിൽ ഒരുമിച്ച് കൂട്ടിയതും സമരം നയിച്ച് വിജയിപ്പിച്ചെടുത്തതും.  


ഈ അരാഷ്ട്രീയ യുവജന മുന്നേറ്റം ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല; ഇത് ഇന്ത്യൻ വോട്ടർമാരുടെ വലിയൊരു മാറ്റത്തിന്റെ സൂചന കൂടിയാണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തമിഴ്‌നാട്ടിൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്. പതിറ്റാണ്ടുകളായി തമിഴ്‌നാട് രാഷ്ട്രീയം ഭരിച്ചിരുന്ന രണ്ട് വൻ ശക്തികളെ അട്ടിമറിച്ചുകൊണ്ട് നടൻ സി. ജോസഫ് വിജയ്‌യുടെ 'തമിഴക വെട്രി കഴകം' (TVK) ചരിത്ര വിജയം നേടി. ജന്തർ മന്തറിലെ സി.ജെ.പി. പ്രസ്ഥാനത്തിന് പിന്നിലും തമിഴ്‌നാട്ടിലെ ടി.വി.കെ.യുടെ വിജയത്തിന് പിന്നിലും പ്രവർത്തിച്ചത് ഒരേ ശക്തിയാണ് പമ്പരാഗത രാഷ്ട്രീയ വ്യവസ്ഥിതിയോട് കടുത്ത നിരാശ തോന്നിയ ഒരു പുതിയ തലമുറ.

എന്നാൽ ഇവരുടെ പ്രവർത്തന രീതികൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്. സി.ജെ.പി. ഒരു കേന്ദ്രീകൃത നേതൃത്വവുമില്ലാതെ വെളിയിൽ നിന്ന് പോരാടുന്ന ഒരു കാവൽക്കാരനായി തുടരുമ്പോൾ, ടി.വി.കെ. വളരെ കൃത്യമായ, കോർപ്പറേറ്റ് ശൈലിയിലുള്ള ഒരു പാർട്ടി ഘടന രൂപീകരിച്ചാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. അധികാരത്തിൽ എത്തിയതിന് ശേഷം ടി.വി.കെ.യും സി.ജെ.പിയുടെ ആവശ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നീറ്റ് (NEET) പരീക്ഷ പൂർണ്ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഒരർത്ഥത്തിൽ പറഞ്ഞാൽ ഇന്ത്യൻ രാഷ്ട്രീയത്തിലിപ്പോൾ ജെൻസികൾ മാത്രമാണ് പൊളിറ്റിക്കൽ ബീയിങ്ങായിട്ട് നിലനിൽക്കുന്നുള്ളുവെന്ന് പറയേണ്ടി വരും.  


എന്നാൽ അത്തരം കൂട്ടായ്മകളുടെ ഘടനാപരമായ പരിമിതികളെക്കുറിച്ച് ചരിത്രം വ്യക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ അരാഷ്ട്രീയ കൂട്ടായ്മകളുടെ ഏറ്റവും വലിയ പ്രതിസന്ധി അവർക്ക് നേരിടേണ്ടി വന്നതായി കാണാം. നിയമനിർമ്മാണ സഭകളിൽ പ്രവേശിച്ച് നിയമങ്ങൾ മാറ്റിയെഴുതാൻ തയ്യാറാകാത്തിടത്തോളം, വ്യവസ്ഥിതിയെ പൂർണ്ണമായി മാറ്റാൻ കഴിയില്ലെന്ന സത്യം തിരിച്ചറിഞ്ഞതോടെ അവരിൽ പലരും 'രാഷ്ട്രീയത്തിൽ' കക്ഷി ചേരുന്നതിനെ കുറിച്ചാലോചിച്ചു.  

ഈ തിരിച്ചറിവാണ് അന്ന് ഐ.എ.സി. പ്രസ്ഥാനത്തെ പിളർത്തിയത്. ഒരു വിഭാഗം തങ്ങളുടെ അരാഷ്ട്രീയ ശുദ്ധി നിലനിർത്തിക്കൊണ്ട് വെറുമൊരു കാവൽക്കാരായി തുടരാൻ ആഗ്രഹിച്ചപ്പോൾ, അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മറുവിഭാഗം ആം ആദ്മി പാർട്ടിക്ക് രൂപം നൽകി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. വ്യവസ്ഥിതിയോട് പോരാടാൻ ഒടുവിൽ ആ വ്യവസ്ഥിതിയുടെ തന്നെ ഭാഗമാകണമെന്നും വെറുമൊരു പ്ലാറ്റ്ഫോമിന് സിസ്റ്റം അപ്ഡേറ്റ് ചെയ്യാനുള്ള കഴിവില്ലെന്നതുമാകാം അതിന്റെ പ്രേരകവും. 


തെരുവ് ജയിച്ചാൽ പിന്നെയെന്തെന്ന ചോദ്യം 


സി.ജെ.പി. നേരിടുന്ന ഈ പ്രതിസന്ധി ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല,മറിച്ച് ആഗോളതലത്തിൽ തന്നെ ഒരു കേന്ദ്രീകൃത നേതൃത്വമില്ലാതെ ഉയർന്നുവന്ന എല്ലാ ജനകീയ മുന്നേറ്റങ്ങളും ഈ ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ട്.

ഇറ്റലിയിലെ 'ഫൈവ് സ്റ്റാർ മൂവ്‌മെന്റ്' (M5S) ഇതിനൊരു മികച്ച ഉദാഹരണമാണ്. 2009-ൽ പ്രശസ്ത ഹാസ്യനടൻ ബെപ്പെ ഗ്രില്ലോ ആരംഭിച്ച ഈ പ്രസ്ഥാനം, പരമ്പരാഗത രാഷ്ട്രീയക്കാരെ പരിഹസിച്ചുകൊണ്ടുള്ള ഒരു ഡിജിറ്റൽ പ്രതിഷേധമായിരുന്നു. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽക്കാൻ അവർക്ക് ഒരു രാഷ്ട്രീയ പാർട്ടിയായി മാറേണ്ടി വരികയും, 2018-ൽ സഖ്യസർക്കാരിന്റെ ഭാഗമാവുകയും ചെയ്തു. എന്നാൽ അധികാരത്തിൽ എത്തിയതോടെ അവർക്ക് പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വന്നു, ഇത് പാർട്ടിയിൽ പിളർപ്പുകൾക്കും ജനപ്രീതി ഇടിയുന്നതിനും കാരണമായി.

അതേസമയം, ഫ്രാൻസിലെ 'യല്ലോ വെസ്റ്റ്സ്' (Gilets Jaunes) പ്രസ്ഥാനം മറ്റൊരു വഴിയാണ് തിരഞ്ഞെടുത്തത്. ഇന്ധനവില വർദ്ധനവിനെതിരെ സോഷ്യൽ മീഡിയയിലൂടെ ഉയർന്നുവന്ന ഈ കൂട്ടായ്മ ഒരു രാഷ്ട്രീയ പാർട്ടിയാകാനോ കേന്ദ്രീകൃത നേതൃത്വം ഉണ്ടാക്കാനോ വിസമ്മതിച്ചു. സർക്കാരിനെക്കൊണ്ട് ചില തീരുമാനങ്ങൾ തിരുത്തിക്കാൻ കഴിഞ്ഞെങ്കിലും, കൃത്യമായ ഘടനയില്ലാത്തതിനാൽ കാലക്രമേണ ഈ പ്രസ്ഥാനം ദുർബലമായിപ്പോയി.

ഏറ്റവും വലിയ ഉദാഹരണമായി നിലനിൽക്കുന്നത് 2011-ലെ ഈജിപ്തിലെ അറബ് വസന്തമാണ്. യുവാക്കളും ഐടി പ്രൊഫഷണലുകളും ചേർന്ന് സോഷ്യൽ മീഡിയയിലൂടെ ഒരു വലിയ വിപ്ലവം സൃഷ്ടിച്ച് അവിടുത്തെ സ്വേച്ഛാധിപത്യ ഭരണകൂടത്തെ പുറത്താക്കി. എന്നാൽ വിപ്ലവത്തിന് പിന്നിൽ പ്രവർത്തിച്ച യുവാക്കൾ കൃത്യമായ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തയ്യാറാകാതിരുന്നതിനാൽ അവിടെ ഒരു രാഷ്ട്രീയ ശൂന്യത ഉണ്ടായി. ഒടുവിൽ, മുൻപ് തന്നെ കൃത്യമായ രാഷ്ട്രീയ ഘടനയുണ്ടായിരുന്ന തീവ്ര സംഘടനകളും സൈന്യവും അധികാരം പിടിച്ചെടുക്കുകയും വിപ്ലവത്തിന്റെ യഥാർത്ഥ ശിൽപ്പികൾ പൂർണ്ണമായും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്തു.


ചുരുക്കത്തിൽ തങ്ങളുടെ തുടർന്നുള്ള ആവശ്യങ്ങളുമായി മുന്നോട്ട് പോകുന്ന സി.ജെ.പി. ഇപ്പോൾ ഒരു നിർണ്ണായക ഘട്ടത്തിലാണ് നിൽക്കുന്നത്. അതായത് പരമ്പരാഗത രാഷ്ട്രീയ സിദ്ധാന്തങ്ങളനുസരിച്ച് മൂന്ന് വഴികളാണ് ഈ പ്രസ്ഥാനത്തിന് മുന്നിലുള്ളത്:


I. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള മാറ്റം

സി.ജെ.പിക്ക് എ.എ.പി. മാതൃക പിന്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഒരു രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യാം. യുവാക്കൾക്കിടയിലുള്ള തങ്ങളുടെ സ്വാധീനം വോട്ടാക്കി മാറ്റാൻ അവർക്ക് കഴിയും. അങ്ങനെ സംഭവിച്ചാൽ അത് നിലവിലെ ഭരണകക്ഷിയെ മാത്രമല്ല, പരമ്പരാഗത പ്രതിപക്ഷ പാർട്ടികളെയും ബാധിക്കും. മുൻപ് ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസിന്റെ വോട്ട് ബാങ്ക് തകർത്തുകൊണ്ടാണ് എ.എ.പി. അധികാരം പിടിച്ചെടുത്തത്. അതുപോലെ ഒരു രാഷ്ട്രീയ പാർട്ടിയായി മാറിയാൽ സി.ജെ.പിക്ക് പ്രതിപക്ഷ വോട്ടുകളെ വലിയ തോതിൽ സ്വാധീനിക്കാൻ കഴിയും.


II. നിരന്തരമായ ഒരു തിരുത്തൽ ശക്തിയായി തുടരുക

അല്ലെങ്കിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പ്രലോഭനങ്ങളിൽ വീഴാതെ തങ്ങളുടെ ധാർമ്മിക ശുദ്ധി നിലനിർത്താൻ പ്രസ്ഥാനത്തിന് തീരുമാനിക്കാം. പരീക്ഷാ പേപ്പർ ചോർച്ച തടയുക, ജഡ്ജിമാരുടെ വിരമിക്കലിന് ശേഷമുള്ള രാഷ്ട്രീയ പദവികൾ നിരോധിക്കുക തുടങ്ങിയ തങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് സർക്കാരിനെ നിരന്തരം തിരുത്തുന്ന ഒരു കാവൽക്കാരനായി ഇതിന് തുടരാം. എന്നാൽ ഒരു രാഷ്ട്രീയ ഘടനയോ നിയമനിർമ്മാണ സഭകളിൽ പ്രതിനിധികളോ ഇല്ലാത്ത പ്രസ്ഥാനങ്ങളെ ഭരണകൂടത്തിന് കാലക്രമേണ അടിച്ചമർത്താൻ എളുപ്പമായിരിക്കും.


III. ആശയപരമായ ലയനം

ഒരു കേന്ദ്രമന്ത്രിയുടെ രാജി എന്ന പ്രാഥമിക ലക്ഷ്യം നേടിയെടുത്ത സ്ഥിതിക്ക്, ഈ കൂട്ടായ്മയുടെ ആവേശം വരുംദിവസങ്ങളിൽ കുറയാൻ സാധ്യതയുണ്ട്. പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ സി.ജെ.പിയുടെ ഈ ജനപ്രീതിയെ തങ്ങളുടെ ഭാഗമാക്കാൻ ഇപ്പോൾത്തന്നെ ശ്രമിക്കുന്നുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ പാർട്ടികൾ ഈ യുവജന നേതാക്കളെ തങ്ങളുടെ ഭാഗമാക്കുകയും, സി.ജെ.പിയുടെ ജനകീയ മുദ്രാവാക്യങ്ങൾ സ്വന്തമാക്കുകയും ചെയ്തേക്കാം. അങ്ങനെ സംഭവിച്ചാൽ ഈ പ്രസ്ഥാനം വെറുമൊരു ചരിത്ര സ്മരണയായി ഒതുങ്ങും.


എന്നിരുന്നാലും ഇന്ത്യയിലെ യുവതലമുറയ്ക്ക് രാഷ്ട്രീയത്തോട് താൽപ്പര്യമില്ലെന്ന പൊതുധാരണയെ തിരുത്തിക്കുറിക്കാൻ കോക്രോച്ച് ജനതാ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. കൃത്യമായ ജനകീയ പങ്കാളിത്തത്തിലൂടെ ഒരു കേന്ദ്രമന്ത്രിയെക്കൊണ്ട് രാജി വെപ്പിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് അവർ തെളിയിച്ചു. ഡിജിറ്റൽ യുഗത്തിലെ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് അവർ ഒരു പുതിയ മുഖം നൽകി.

എങ്കിലും, ജന്തർ മന്തറിലെ താൽക്കാലിക ഉപരോധങ്ങൾക്കോ സോഷ്യൽ മീഡിയയിലെ ട്രെൻഡുകൾക്കോ ഒരു പ്രസ്ഥാനത്തെ ദീർഘകാലം മുന്നോട്ട് നയിക്കാനാവില്ല. വരാനിരിക്കുന്ന വലിയ രാഷ്ട്രീയ മാറ്റങ്ങളിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കണമെങ്കിൽ സി.ജെ.പി. തങ്ങളുടെ ആഭ്യന്തര പ്രതിസന്ധികൾക്ക് എത്രയും വേഗം പരിഹാരം കാണേണ്ടതുണ്ട്. അവർക്ക് തെരുവിൽത്തന്നെ ഒരു തിരുത്തൽ ശക്തിയായി തുടരണമോ, അതോ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി തങ്ങളുടെ സ്വാധീനത്തെ കൃത്യമായ ഭരണാധികാരമാക്കി മാറ്റണമോ എന്ന് അവർ തന്നെയാണ് തീരുമാനിക്കേണ്ടത്.




നജാഹ് പൂക്കോട്ടൂർ

(ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി )

0 Likes

Log in to like this article.

Share this Article

Comments (0)

Leave a Comment

No comments yet. Be the first to share your thoughts!

Top

Share Article